കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകൾ പുതിയ തലത്തിലേക്ക്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കെ സുധാകരൻ എംപി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോട് നേരിട്ട് ആവശ്യപ്പെട്ടു. ഡൽഹിയിൽ ഖർഗെയെ നേരിട്ട് കണ്ടാണ് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നേറ്റത്തിന് തറയൊരുക്കിയത് കെ സി വേണുഗോപാലാണെന്നും ആ പരിഗണന അദ്ദേഹത്തിന് നൽകണമെന്നുമാണ് സുധാകരന്റെ വാദം.

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും അഭിപ്രായങ്ങൾ പറയാം.  അതിൽ ഓരോരുത്തർക്കും അവരവരുടെ നിലപാടുകളുണ്ടാകും. മുഖ്യമന്ത്രി പദവിയിൽ തീരുമാനമാകുന്നതു വരെ ചർച്ചകൾ നടക്കും. കോൺഗ്രസിന്റെ രീതി ഇതുതന്നെയാണ്, അതിൽ പുതുമയൊന്നുമില്ല’ -സുധാകരൻ വ്യക്തമാക്കി. വോട്ടെണ്ണലിന് മുൻപുള്ള ഈ ചർച്ചകൾ പാർട്ടിക്കോ തിരഞ്ഞെടുപ്പ് ഫലത്തിനോ ദോഷം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള പരസ്യ ചർച്ചകൾ ഗുണകരമല്ലെന്ന് എം കെ രാഘവൻ എംപി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് സുധാകരൻ പ്രതികരിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മേൽ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും, പല എംപിമാരും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എം കെ രാഘവൻ ഉന്നയിച്ച കാര്യങ്ങളിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.