സർക്കാർ ജീവനക്കാരുടെ ഡാറ്റാ മോഷണത്തിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇനി വിളിക്കേണ്ടത് ‘ഓണറബിൾ തീഫ് മിനിസ്റ്റർ’ എന്നാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.  കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാറ്റാ ചോർച്ചയിലും ജീവനക്കാരുടെ ആനുകൂല്യങ്ങളിലും സർക്കാരിനെതിരെ അദ്ദേഹം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

സാധാരണക്കാരുടെ മുന്നിൽ മുഖം നഷ്ടമായ മുഖ്യമന്ത്രിയും സർക്കാരുമാണിതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. കേരളം കണ്ട ഭീകരമായ അഴിമതിയാണ് ഈ ഡാറ്റാ മോഷണം. ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കരുത്. സ്പ്രിംക്ലർ ഇടപാടിലൂടെ ആരോഗ്യ ഡാറ്റയാണ് മുൻപ് ചോർത്തിയതെങ്കിൽ ഇപ്പോൾ സ്പാർക്കിലെ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളാണ് ഒരു പി ആർ ഏജൻസിക്ക് ചോർത്തി നൽകിയത്. ഇത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുന്നത്. ഇപ്പോൾ വർധിപ്പിച്ച ഡിഎയ്ക്ക് യാതൊരുവിധ മുൻകാല പ്രാബല്യവുമില്ല. ജീവനക്കാരുടെ അവകാശങ്ങൾ മുഴുവൻ കവർന്നെടുത്ത സർക്കാരാണ് അവരുടെ സ്വകാര്യ വിവരങ്ങളും മോഷ്ടിച്ചത്. 

സാധാരണക്കാരന്റെ ഡാറ്റാ മോഷ്ടിച്ച ക്രെഡിറ്റ് തീർച്ചയായും മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണ്. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്ന ജനം ‘കടക്ക് പുറത്ത്’ എന്ന് അദ്ദേഹത്തോട് പറയുന്ന ദിവസങ്ങളാണ് വരാൻ പോകുന്നതെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചത് പോലും ശുദ്ധ തട്ടിപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മാസം കഴിഞ്ഞ് കമ്മീഷൻ നൽകുന്ന റിപ്പോർട്ട് വാങ്ങാൻ പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിലുണ്ടാകില്ലെന്ന് അദ്ദേഹത്തിന് തന്നെ വ്യക്തമായി അറിയാമെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.