വിശ്വാസികളല്ലാത്തവർ അമ്പലങ്ങൾ ഭരിക്കുമ്പോൾ അവരുടെ കണ്ണ് സമ്പത്തിൽ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്ന അഴിമതിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ശബരിമല സ്വർണ്ണക്കൊള്ളയെ വെള്ളപൂശാനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്നും നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു. ചങ്ങനാശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം മന്ത്രി നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. നിയമസഭയിൽ മന്ത്രി പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായ വിവരങ്ങളാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. അഴിമതിയുടെ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്ന മന്ത്രിയുടെ വാദത്തെ അദ്ദേഹം പരിഹസിച്ചു. ബോർഡ് തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ അത് തിരുത്താൻ മന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭജന നടത്തിയതിന്റെ പേരിൽപ്പോലും കള്ളക്കണക്ക് ഉണ്ടാക്കിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ കൊള്ളകൾ ഓരോന്നായി ഹൈക്കോടതിക്ക് നേരിട്ട് അന്വേഷിച്ച് കണ്ടെത്തേണ്ട അവസ്ഥയാണുള്ളതെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. അമ്പലത്തിന്റെ നടത്തിപ്പ് ചുമതലയുള്ളവർ നടത്തുന്ന കൊള്ള നിയന്ത്രിക്കുന്നതിന് പകരം സർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വിശ്വാസികളെയും ക്ഷേത്രസമ്പത്തിനെയും സർക്കാർ വഞ്ചിക്കുകയാണെന്നും ഇത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.