ആരാധനാക്രമ ഗാനാലാപനത്തിന് ‘ആഴത്തിലുള്ള ആത്മീയത’ ആവശ്യമാണെന്ന് ഗായകസംഘങ്ങളോട് ലെയോ മാർപാപ്പ പറഞ്ഞു. ഗായകസംഘങ്ങളുടെ ജൂബിലി ആഘോഷത്തിനായി സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിച്ചേർന്ന തീർഥാടകരോട് സംസാരിക്കുകയായിരുന്നു ലെയോ പതിനാലാമൻ പാപ്പ.
ആരാധനാക്രമ സംഗീതത്തിന്റെ വിലയേറിയ ശുശ്രൂഷയെ ലെയോ പാപ്പ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള ഗായകസംഘ അംഗങ്ങളോട് അൾത്താരയിലെ സേവനം എല്ലാറ്റിനുമുപരി പ്രാർഥനാ ജീവിതത്തിലൂടെ നിലനിർത്തണമെന്ന് പറയുകയും ചെയ്തു. ദൈവജനത്തെ ആരാധനയുടെ രഹസ്യത്തിലേക്ക് നയിക്കുക എന്നതാണ് അവരുടെ വിളിയെന്ന് പാപ്പ ഗായകസംഘാംഗങ്ങളോടും സംഗീതജ്ഞരോടും പറഞ്ഞു.
“പ്രിയ ഗായകസംഘാംഗങ്ങളേ, സംഗീതജ്ഞരേ, ഇന്ന് നിങ്ങളുടെ ജൂബിലി ആഘോഷിക്കുന്നു. കർത്താവിന്റെ മഹത്വത്തിനും സഹോദരീ സഹോദരന്മാരുടെ ആത്മീയ നവീകരണത്തിനും വേണ്ടി നിങ്ങളുടെ ശബ്ദങ്ങളും കഴിവുകളും അർപ്പിച്ചുകൊണ്ട് അവനെ സേവിക്കാനുള്ള ദാനവും കൃപയും നൽകിയതിന് ദൈവത്തിന് നന്ദി പറയുക. മറ്റുള്ളവരെ ദൈവസ്തുതിയിലേക്ക് ആകർഷിക്കുകയും ഗാനത്തിലൂടെ ആരാധനക്രമത്തിൽ കൂടുതൽ പൂർണ്ണമായി പങ്കെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ കടമ,” ഗായകസംഘാംഗങ്ങളോട് ലെയോ പാപ്പ പറഞ്ഞു.



