ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കോമാളി എന്ന് വിശേഷിപ്പിച്ച് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ‘എക്സി’ലൂടെയായിരുന്നു ഒവൈസിയുടെ വിമർശനം. ഇന്ത്യയിൽനിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വന്ന് ഒരുദിവസം കഴിയുമ്പോഴാണ് ഒവൈസിയുടെ, ‘വൈറ്റ് ഹൗസിലെ കോമാളി മേധാവി’ എന്ന വിമർശനം പുറത്തുവന്നത്.
റഷ്യയിൽനിന്ന് അസംസ്കൃത എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതിന് ഇന്ത്യക്കുമേൽ പിഴ ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ, ‘എക്സി’ലെ ഒരു പോസ്റ്റിൽ, യുഎസ് നടപടികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കെതിരായ ബോധപൂർവമായ ആക്രമണമാണെന്നും ഇത് രാജ്യത്തെ വിദേശനിക്ഷേപം (എഫ്ഡിഐ), കയറ്റുമതി, തൊഴിലവസരങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
‘ഇന്ത്യ കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് അമേരിക്കയിൽ ഇനിമുതൽ 25% തീരുവ ഉണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. വൈറ്റ് ഹൗസിലെ ഒരു കോമാളി മേധാവി കാരണം എന്റെ രാജ്യത്തെ സർക്കാർ ഭീഷണിക്ക് വിധേയമാകുന്നത് കാണുന്നത് ദുഃഖകരമാണ്. റഷ്യയുമായി വ്യാപാരം നടത്തുന്നതിന്, ഇനിയും വ്യക്തമാക്കിയിട്ടില്ലാത്ത ഒരു പിഴയും ഈ തീരുവയ്ക്കൊപ്പം ചുമത്തുന്നുണ്ട്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. ചക്രവർത്തിയുടെ സദസ്സിൽ സലാം ചൊല്ലുന്ന സാമന്ത രാജ്യമല്ല.’ ഒവൈസി പറഞ്ഞു.
‘യുഎസിന്റെ നടപടികൾ ഇന്ത്യയുടെ പരമാധികാരത്തിനും സാമ്പത്തികനിലയ്ക്കും നേരെയുള്ള വ്യക്തവും ബോധപൂർവവുമായ ആക്രമണമാണ്. ഇന്ത്യയ്ക്കെതിരെ വർധിച്ചുവരുന്ന ശത്രുതാപരമായ വ്യാപാരരീതികളെക്കുറിച്ച് വർഷങ്ങളായി ഞാൻ പാർലമെന്റിൽ സംസാരിക്കുന്നുണ്ട്. ഈ തീരുവകൾ ഇന്ത്യൻ എംഎസ്എംഇ-കൾ, നിർമ്മാതാക്കൾ, ഐടി സ്ഥാപനങ്ങൾ, സേവനദാതാക്കൾ, എന്തിന് നമ്മുടെ കർഷകരെപ്പോലും ബാധിക്കും. അവ വിദേശ നിക്ഷേപത്തെ തടയുകയും കയറ്റുമതിയെ ദോഷകരമായി ബാധിക്കുകയും തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.’ ഒവൈസി വ്യക്തമാക്കുന്നു.
ജപ്പാൻ 15%, വിയറ്റ്നാം 20%, ഇന്തോനേഷ്യ 19% എന്നിങ്ങനെ തീരുവ നൽകുമ്പോൾ ഇന്ത്യയുടെ മത്സരശേഷിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഈ വിഷയങ്ങളിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനമാണ് ഏറ്റവും വിഷമകരം. ഇതാണോ ഇന്ത്യക്കാർക്ക് അദ്ദേഹം വാഗ്ദാനം നൽകിയ 56 ഇഞ്ച് നെഞ്ചളവ്? അതോ, ട്രംപ് തീരുവ 56 ശതമാനത്തിലേക്ക് ഉയർത്തിയാലേ ആ വലിപ്പം നമുക്ക് കാണാനാവുകയുള്ളോ?’ ഒവൈസി ചോദിച്ചു.
വെള്ളിയാഴ്ച മുതലാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരുന്നത്. ട്രംപിന്റെ പുതിയ തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർ യോഗം ചേർന്ന സാഹചര്യത്തിലാണ് ഒവൈസിയുടെ വിമർശനം. അതേസമയം, യുഎസ് നീക്കത്തിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും ഇന്ത്യയുടെ ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ജപ്പാൻ, യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പ്രധാന പങ്കാളികളുമായി അനുകൂലമായ വ്യാപാര കരാറുകൾ നേടിയ അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മർദ്ദതന്ത്രമായും കേന്ദ്രസർക്കാർ ട്രംപിന്റെ പുതിയ തീരുമാനത്തെ വിലയിരുത്തുന്നുണ്ട്.