ബെന്നി ചിറയിൽ

ചങ്ങനാശേരി: പള്ളികളിലെയും ചാപ്പലുകളിലെയും തടിയിൽ കൊത്തിയെടുത്ത ഐക്കണുകളിലൂടെ മാർത്തോമ്മാ നസ്രാണി പാരമ്പര്യത്തിന്റെ വർണ്ണമനോഹാരിത നിലനിർത്തിയ തുരുത്തി ചക്യായിൽ ജോബി വിടവാങ്ങി.

പള്ളികളിലെ മാർത്തോമ്മാ സ്ലീവാ രൂപപ്പെടുത്തുന്നതിലായിരുന്നു ജോബിയുടെ വൈഭവം തെളിയിച്ചത്. തുരുത്തി ജെജെസി ആർട്സ് വേൾഡ് ഉടമ പരേതനായ ചക്യായിൽ അപ്പച്ചന്റെയും ഏലിയാമ്മയുടെയും മകനാണ് ജോബി. അപ്പച്ചനും മക്കളായ ജോബിയും ജോജോയും ചേർന്നാണ് ആർട്ട് വർക്കുകൾ ചെയ്തിരുന്നത്. അപ്പച്ചൻ രണ്ടു വർഷം മുമ്പ് അന്തരിച്ചതിനെത്തുടർന്ന് ജോബിയും ജോജോയും ജോലികൾ തുടർന്നു. അസുഖത്തെ തുടർന്ന് ജോബി ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് വിടവാങ്ങിയത്.

സഭയുടെ ആരാധന പൈതൃകത്തിനനുസൃതമായി പള്ളികളിലും ചാപ്പലുകളിലും അൾത്താരകൾ, സക്രാരി, മാമ്മോദീസ തൊട്ടികൾ, എന്നിവ കൂടാതെ പള്ളിയുടെ ആനവാതിലുകൾ, കുമ്പസാരക്കൂട് തുടങ്ങി ആർട്ട് വർക്കുകളെല്ലാം ജോബിയുടെ കരവിരുതിൽ വിരിഞ്ഞിരുന്നു. ചക്യായിൽ അപ്പച്ചനും മക്കളും ചേർന്ന് കേരളത്തിനകത്തും വിദേശങ്ങളിലുമായി പള്ളികളിലും കോൺവെന്റുകളിലും വീടുകളിലും നൂറുകണക്കിന് ഐക്കണുകൾ തയ്യാറാക്കിയിട്ടുണ്ട്.

അടുത്തയിടെ നവീകരിച്ച നാലുകോടി സെന്റ് തോമസ് പള്ളിയിലെ മദ്ബഹ പൂർത്തിയാക്കിയത് ജോബിയുടെ നേതൃത്വത്തിലാണ്. തുരുത്തി മർത്ത്മറിയം ഫൊറോന പള്ളി, മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര പള്ളി, കടമാൻകുളം എസ്.എച്ച് മലങ്കര പള്ളി, തേക്കടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ചെങ്ങരൂർ മേരിമാതാ പള്ളി, തോട്ടഭാഗം സെന്റ് മേരീസ് മലങ്കരപള്ളി, കണ്ണൻചിറ സെന്റ് തോമസ് മലങ്കര പള്ളി തുടങ്ങിയ പള്ളികളിലെ കമനീയത ജെജെസി ആർട്സ് വേൾഡിന്റെ കരവിരുതിൽ ജന്മമെടുത്തതാണ്.

ജോബിയുടെ സംസ്കാരം 27-ന് ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിൽ. ഭാര്യ: സോളി. മക്കൾ: ജീൽസ്, ജീന്റു.

ജോബി ചക്യായിൽ കണ്ണൻചിറ സെന്റ് തോമസ് മലങ്കര പള്ളിയിൽ തയ്യാറാക്കിയ അൾത്താര. ഇൻസെറ്റിൽ ജോബി ചക്യായിൽ.