ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ (ജെഎൻയു) വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ലോങ് മാർച്ചിനിടെ പോലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ക്യാമ്പസ് കവാടത്തിൽ നടന്ന സംഘർഷത്തിൽ ഇരുപക്ഷത്തും നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യുജിസി നിയമങ്ങൾ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ പുറത്താക്കിയ നടപടി, വൈസ് ചാൻസലർ ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റിന്റെ പരാമർശങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തിയത്.
ഉച്ചയ്ക്ക് 3.20 ഓടെ നാനൂറോളം വിദ്യാർത്ഥികൾ പ്രധാന കവാടം വഴി പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു. ഇതോടെയാണ് സംഘർഷം ആരംഭിച്ചത്. നോർത്ത് ഗേറ്റിൽ വെച്ച് വിദ്യാർത്ഥികളെ പോലീസ് തടയുകയും ക്യാമ്പസിനുള്ളിലേക്ക് തിരികെ തള്ളുകയും ചെയ്തു.



