ഇന്നത്തെ ഏറ്റവും നല്ല സുവിശേഷം പ്രഘോഷണം നടന്നത് വനിതാ ലോകകപ്പ് സെമിയിലെ മാൻ ഓഫ് ദ് മാച്ച് അനൗൺസ് ചെയ്തപ്പോഴായിരുന്നു. ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ‘അവൻ എന്റെ ബലഹീനതയിൽ താങ്ങായി’ എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഇന്ത്യക്കാരി ജമീമാ റോഡ്രിഗസ്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ, ഒരു ഫൈനലിനു തുല്യമായ ത്രില്ലിംഗ് സെമിഫൈനലിൽ തൂത്തുവാരാൻ കളിക്കളത്തിൽ തകർത്താടിയ ജെമീമ റോഡ്രിഗ്‌സ്. സന്തോഷവും അഭിമാനവും കൊണ്ടവൾക്ക് കരച്ചിലടക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. ‘പ്ലേയർ ഓഫ് ദി മാച്ച്’ അവാർഡ് നല്കപ്പെട്ട സമയത്ത് കമന്റെറ്ററുടെ ചോദ്യങ്ങൾക്കു സന്തോഷാശ്രുക്കളോടെ, ചുറുചുറുക്കോടെ ജമീമ മറുപടി പറഞ്ഞു.

“ആദ്യമായി ഞാൻ യേശുവിനു നന്ദി പറയുന്നു. പിന്നെ എൻ്റെ മാതാപിതാക്കൾക്കും പരിശീലകർക്കും ടീം അംഗങ്ങൾക്കും നന്ദി പറയുന്നു” കളി അവസാന നിമിഷങ്ങളോട് അടുത്തപ്പോൾ നീ എന്താണ് തനിയെ പലതവണ പറയുന്നത് കണ്ടത് എന്ന ചോദ്യത്തിനവൾ അഭിമാനത്തോടെ മറുപടി പറഞ്ഞത് “ഞാൻ ആ ഉദ്വേഗനിമിഷങ്ങളിൽ ദൈവവചനമാണ് ഉരുവിട്ടുകൊണ്ടിരുന്നത്. ‘കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.’ പുറപ്പാട്‌ 14 : 14 വചനമാണ് ഞാൻ പല തവണ ആവർത്തിച്ചുരുവിട്ടത്. ആ ദൈവവചനമാണ് എനിക്ക് ഊർജ്ജം നൽകിയതും രാജ്യത്തെ വിജയത്തിലേക്കു നയിച്ചതും”എന്നാണ്. കോടാനുകോടി ജനങ്ങൾക്കു മുമ്പാകെ പരസ്യമായി ദൈവത്തെ മഹത്വപ്പെടുത്തുകയും തന്റെ വിശ്വാസം ഏറ്റുപറയുകയും ചെയ്ത ജമീമ എന്ന പെൺകുട്ടിയുടെ ആദ്യ ലോകകപ്പ് മത്സരമാണിത്.