രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങൾ വ്യക്തിപരമെന്ന് ജെബി മേത്തർ എം പി. വിഷയത്തിൽ ഇപ്പോഴും പല പുകമറകളുമുണ്ടെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പരാതി ഉന്നയിച്ച സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെയും ജെബി മേത്തർ അപലപിച്ചു.

ഇപ്പോൾ ഉയരുന്ന വിവാദങ്ങളുടെ എല്ലാ തലങ്ങളും പരിശോധിക്കപ്പടണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു. കോൺഗ്രസ് സ്ത്രീപക്ഷത്താണെന്നും അവർ കൂട്ടിച്ചേർത്തു. സാങ്കേതികമായി പരാതിയില്ലാതിരുന്നിട്ടു പോലും ധാർമികതയുടെ പേരിലാണ് 24 മണിക്കൂറിനകം കോൺഗ്രസും രാഹുലും കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്.

ഇതെല്ലാം പരിശോധിക്കപ്പെടേണ്ട വിഷയം ആണെന്നുതന്നെയാണ് മഹിളാ കോൺഗ്രസിന്റെ നിലപാട്. പരാതിക്കാർക്കെതിരായ സൈബർ ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അവയെ ശക്തമായി എതിർക്കുകയാണെന്നും ജെബി പറഞ്ഞു.