കുളിക്കുക എന്നത് ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാൽ ഈ കുളി പലർക്കും ഇഷ്ടമല്ല. പലരും ഇതിന് മടി കാണിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ളവർക്ക് വേണ്ടി പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ജപ്പാൻ. ഒരു ഹ്യൂമൻ വാഷിംഗ് മെഷീൻ ആണ് കണ്ടുപിടിച്ചിരിക്കുന്നത്. ഈ മെഷീനിൽ ഒന്ന് കിടന്നാൽ മാത്രം മതി, നിങ്ങളെ ഈ മെഷീൻ കുളിച്ച് കുട്ടപ്പനാക്കി മാറ്റും.

ഈ ഫ്യൂച്ചറിസ്റ്റിക് മെഷീൻ ആദ്യമായി ഒസാക്ക വേൾഡ് എക്സ്പോയിൽ പ്രദർശിപ്പിച്ചു, ഇപ്പോൾ ജപ്പാനിൽ ഔദ്യോഗികമായി വിൽപ്പനയ്ക്ക് ലഭ്യമാണ്. ജാപ്പനീസ് ടെക് കമ്പനിയായ സയൻസ് ഇൻ‌കോർപ്പറേറ്റഡ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഈ യന്ത്രം ഒരു വലിയ കാപ്സ്യൂൾ പോലെയാണ്. ഒരാൾ അകത്ത് കിടന്ന്, മൂടി അടച്ചിരിക്കും, മെഷീൻ തല മുതൽ കാൽ വരെ കഴുകും. മുഴുവൻ അനുഭവവും ഒരു സ്പാ അനുഭവം പോലെ അനുഭവപ്പെടും.