വിവാഹപ്പന്തലിലെ ആഘോഷങ്ങൾക്കിടയിൽ വധുവിനെ ഞെട്ടിച്ച് കവർച്ച. രാജസ്ഥാനിലെ ജയ്പൂരിലാണ് വിവാഹ ചടങ്ങുകൾക്കിടയിൽ വധുവിന്റെ സ്വർണ്ണാഭരണങ്ങളും വൻ തുകയും അടങ്ങിയ ബാഗ് അജ്ഞാതൻ മോഷ്ടിച്ചത്. അതിഥികൾക്കിടയിൽ കലർന്ന് വന്ന മോഷ്‌ടാവ് കൃത്യമായ പ്ലാനിംഗിലൂടെയാണ് ബാഗുമായി കടന്നുകളഞ്ഞത്.

ആഘോഷങ്ങൾക്കിടയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ഇത്തരം സംഘങ്ങൾ വിവാഹ സീസണുകളിൽ സജീവമാകുന്നതിനെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ജയ്പൂർ പോലീസ്. ബാഗിൽ ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും ഉണ്ടായിരുന്നു.

ഫെബ്രുവരി 7 ന് ജഗത്പുര പ്രദേശത്തെ ചന്ദൻ വൺ മാര്യേജ് ഗാർഡനിൽ നവീൻ കരോളിന്റെ വിവാഹ ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു സംഭവം. രാത്രി 10:15 ഓടെ വധുവും വരനും ഒരു ഫോട്ടോഷൂട്ടിനായി വേദിയിലിരിക്കെയാണ് മോഷണം നടന്നതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.