റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി (RHFL) ബന്ധപ്പെട്ട 228 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മൂത്ത മകൻ ജയ് അൻമോൾ അംബാനിയെ സിബിഐ ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായ അൻമോളിനെ ഏകദേശം ആറര മണിക്കൂറോളമാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ശനിയാഴ്ച വീണ്ടും ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2025 ഡിസംബർ 6-നാണ് സിബിഐ ഈ കേസ് രജിസ്റ്റർ ചെയ്തത്. ബാങ്കിൽ നിന്നും എടുത്ത വായ്പ തുക വകമാറ്റിയെന്നും അതുവഴി 228.06 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടാക്കിയെന്നുമാണ് ആരോപണം. ജയ് അൻമോളിനെ കൂടാതെ കമ്പനിയുടെ മുൻ സിഇഒ രവീന്ദ്ര സുധാൽക്കർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും കേസിൽ പ്രതികളാണ്. ജിരി ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ, 2025 ഡിസംബർ 9-ന് ജയ് അൻമോളിന്റെ മുംബൈയിലെ വസതിയിലും റിലയൻസ് ഹോം ഫിനാൻസ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യൽ നടക്കുന്നത്. 18 ഓളം ബാങ്കുകളിൽ നിന്നും സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുമായി ഏകദേശം 5,572 കോടി രൂപയുടെ വായ്പ കമ്പനി എടുത്തിരുന്നു. ഇത് പിന്നീട് നിഷ്ക്രിയ ആസ്തിയായി (NPA) മാറുകയായിരുന്നു.
അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് പുതിയ തലമുറയിലെ അംഗമായ അൻമോളിന് നേരെയും അന്വേഷണം നീളുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) സമാന്തരമായി ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അനിൽ അംബാനിയുടെ വിവിധ കമ്പനികൾ ബാങ്ക് വായ്പ തട്ടിപ്പ് കേസുകളിൽ സിബിഐയുടെയും ഇഡിയുടെയും നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നായി അനിൽ അംബാനി ഗ്രൂപ്പിന്റെ വീഴ്ചയെ സാമ്പത്തിക വിദഗ്ധർ കാണുന്നു. വരും ദിവസങ്ങളിൽ ജയ് അൻമോളിന്റെ മൊഴികൾ കേസിൽ നിർണ്ണായകമാകും. ബാങ്ക് ഫണ്ടുകൾ ഷെൽ കമ്പനികളിലേക്ക് മാറ്റിയോ എന്ന കാര്യമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.



