കന്നഡ താരം ധ്രുവ് സർജ നായകനാകുന്ന ‘കെഡി – ദി ഡെവിൾ’ എന്ന ചിത്രത്തിലെ ഐറ്റം സോങ് വിവാദത്തിൽ. സഞ്ജയ് ദത്തും നോറ ഫത്തേഹിയും ഒന്നിച്ചെത്തിയ ‘സർകെ ചുനാർ തേരി സർകെ’ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിനെതിരെയാണ് പ്രതിഷേധം ശക്തമായത്. വരികളിലെ അശ്ലീലത അതിരുകടന്നുവെന്ന വിമർശനം ഉയർന്നതോടെ പാട്ടിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നിന്ന് അണിയറപ്രവർത്തകർ നീക്കം ചെയ്തു. എന്നാൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ ഇപ്പോഴും ലഭ്യമാണ്. മംഗ്ലി ആലപിച്ച ഈ ഗാനത്തിന് അർജുൻ ജന്യയാണ് സംഗീതം നൽകിയിരിക്കുന്നത്.

ഗായകൻ അർമാൻ മാലിക് ഉൾപ്പെടെയുള്ള പ്രമുഖർ പാട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൊമേഴ്സ്യൽ സിനിമകളിലെ പാട്ടുകളുടെ അധഃപതനത്തിൽ ഖേദമുണ്ടെന്നും ഇത് കേൾക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയെന്നുമാണ് അർമാൻ മാലിക് എക്‌സിൽ കുറിച്ചത്. വാലന്റൈൻസ് ഡേ ആഘോഷങ്ങളെയും മിശ്രവിവാഹങ്ങളെയും എതിർക്കുന്നവർ ഇത്തരം ചവറുകളെ ആഘോഷിക്കുന്നത് വിചിത്രമാണെന്ന് ചലച്ചിത്ര നിർമ്മാതാവ് ഒനിറും പ്രതികരിച്ചു. 2026-ലും ഇത്തരം തരംതാണ വരികൾ സിനിമകളിൽ ഉപയോഗിക്കുന്നത് നാണക്കേടാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവായ അഭിപ്രായം.

ഹിന്ദി പതിപ്പിലെ വരികൾ തയ്യാറാക്കിയ റക്വീബ് ആലമിനെതിരെയും വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുണ്ട്. പണത്തിന് വേണ്ടി എന്ത് അശ്ലീലവും എഴുതാൻ ആളുകൾ തയ്യാറാകുന്നത് സങ്കടകരമാണെന്ന് ആരാധകർ കുറിക്കുന്നു. സെൻസർ ബോർഡിന്റെ മൗനത്തെയും പലരും ചോദ്യം ചെയ്തിട്ടുണ്ട്. വിവാദം കൊഴുക്കുമ്പോഴും ചിത്രത്തിന്റെ മറ്റ് ഭാഷാ പതിപ്പുകൾക്ക് യൂട്യൂബിൽ വലിയ കാഴ്ചക്കാരുണ്ട് എന്നത് മറ്റൊരു വൈരുധ്യമായി തുടരുന്നു.