ക്രിസ്മസ് തലേന്ന് ബഹിരാകാശ രംഗത്ത് ചരിത്രവിജയം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചാണ് ഐഎസ്ആർഒ ഈ ക്രിസ്മസ് കാലം അവിസ്മരണീയമാക്കിയത്. ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം3-എം6 (LVM3-M6) ആണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

640 ടൺ ഭാരമുള്ള ഈ റോക്കറ്റിനെ അതിന്റെ കരുത്ത് പ്രമാണിച്ച് ‘ബാഹുബലി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഡിസംബർ 24-ന് രാവിലെ കൃത്യം 8:54-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു റോക്കറ്റ് കുതിച്ചുയർന്നത്.

അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ (AST SpaceMobile) ബ്ലൂബേർഡ് ബ്ലോക്ക്-2 എന്ന ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ വിക്ഷേപിച്ചത്. 6.5 ടൺ ഭാരമുള്ള ഈ വാർത്താവിനിമയ ഉപഗ്രഹം ഐഎസ്ആർഒയുടെ 101-ാമത്തെ വിജയകരമായ ഭ്രമണപഥ ദൗത്യമാണ്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) വഴിയാണ് ഈ കരാർ യാഥാർത്ഥ്യമായത്.