ഇസ്രായേൽ-ഇറാൻ യുദ്ധത്തിനിടെ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇതിലൂടെ “ചരിത്രപരമായ വഴിത്തിരിവ്” ഉണ്ടായെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. എന്നാൽ അത്തരമൊരു സന്ദർശനമോ അപ്രഖ്യാപിത കരാറുകളോ ഉണ്ടായിട്ടില്ലെന്ന് യു.എ.ഇ ഉടൻ തന്നെ വ്യക്തമാക്കി.

ഇറാൻ ഉൾപ്പെടുന്ന പ്രാദേശിക സംഘർഷത്തിന്റെ മൂർദ്ധന്യത്തിൽ മാർച്ച് 26 ന് എമിറാത്തി നഗരമായ അൽ-ഐനിൽ വച്ചാണ് ഇസ്രായേൽ നേതാവ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തിയതായി നെതന്യാഹുവിന്റെ ഓഫീസ് ബുധനാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചത്. ഗൾഫിൽ വർദ്ധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിൽ ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള ബന്ധത്തിൽ ഒരു പ്രധാന ചുവടുവയ്പ്പായി കൂടിക്കാഴ്ച അടയാളപ്പെടുത്തി എന്നും പ്രസ്താവനയിൽ പറയുന്നു.