ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ 14 പേർ കൂടി കൊല്ലപ്പെട്ടു. ബെയ്റൂട്ടിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രമായ റഫീഖ് ഹരീരി ആശുപത്രിക്ക് തൊട്ടടുത്തുള്ള ജ്നാ മേഖലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന ബോംബാക്രമണത്തിൽ സ്ത്രീകളടക്കം നാല് പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആശുപത്രിക്ക് ഏതാനും മീറ്ററുകൾ മാത്രം അകലെ നടന്ന ഈ ആക്രമണത്തെ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ (MSF) ശക്തമായി അപലപിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. തെക്കൻ ലെബനനിലെ വിവിധ ഇടങ്ങളിലും ഇസ്രായേൽ ആക്രമണം തുടർന്നു. കെഫാറിൽ കാറിന് നേരെ നടന്ന ബോംബാക്രമണത്തിൽ നാല് പേരും, കെഫാർ ഹത്തയിൽ ഒരു വീട് ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് അംഗങ്ങളും കൊല്ലപ്പെട്ടു.
ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 1,465 പേർ കൊല്ലപ്പെടുകയും 4,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം നൂറിലധികം സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് ലെബനൻ-സിറിയ അതിർത്തിയിലെ മസ്ന ക്രോസിംഗ് അടച്ചുപൂട്ടി. യുദ്ധം രൂക്ഷമായതോടെ ആയിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്.



