തെക്കൻ ലബനനിലെ ലിതാനി നദിക്ക് കുറുകെയുള്ള സരാരിയ പാലത്തിന് നേരെ വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. നിലവിലെ സൈനിക നീക്കത്തിനിടെ ഇതാദ്യമായാണ് ലബനനിലെ ഒരു സിവിൽ ഇൻഫ്രാസ്ട്രക്ചർ അഥവാ പൊതുസംവിധാനം തങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ പരസ്യമായി സമ്മതിക്കുന്നത്. 

വടക്കൻ ലബനനും തെക്കൻ ലബനനും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിതെന്നിരിക്കെ, ഹിസ്ബുള്ള പോരാളികൾക്ക് സഞ്ചരിക്കാനുള്ള പ്രധാന മാർഗ്ഗമാണിതെന്ന് ആരോപിച്ചാണ് ഇസ്രായേൽ പാലം തകർത്തത്. പാലത്തിന് സമീപം ഹിസ്ബുള്ള പോരാളികൾ മിസൈൽ വിക്ഷേപിണികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെ നിന്ന് ഇസ്രായേലിന് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും സൈന്യം അവകാശപ്പെട്ടു. ഇസ്രായേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഈ പാലം തകർക്കേണ്ടത് അനിവാര്യമാണെന്നാണ് സൈനിക വക്താവ് നൽകുന്ന വിശദീകരണം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും സൈന്യം പുറത്തുവിട്ടിട്ടില്ല.

അതേസമയം, ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ വടക്കൻ അതിർത്തിയിലുള്ള ബുർജ് ഹമ്മൂദിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയും വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടന്നതായി ലബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പ്രദേശത്ത് ഇതാദ്യമായാണ് ആക്രമണം നടക്കുന്നത്.  ഇറാൻ പരമോന്നത നേതാവിന്റെ വധത്തിന് പ്രതികാരമായി മാർച്ച് 2 മുതൽ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചിരുന്നു. ഇതിന് മറുപടിയായി ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ലക്ഷക്കണക്കിന് ലബനൻ സ്വദേശികളാണ് ഇതിനോടകം ഭവനരഹിതരായത്.