ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച. ഐ.എസ്. റിക്രൂട്ടർ ഉൾപ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ടെലിവിഷൻ കാണുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിലിനുള്ളിലെ വീഡിയോ വൻ വിവാദമായതിന് പിന്നാലെയാണിത്. 

അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ ഭീകര സംഘടനയായ ഐഎസിലെ കുപ്രസിദ്ധ റിക്രൂട്ടർ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സീരിയൽ ബലാത്സംഗകാരിയും കൊലയാളിയുമായ ഉമേഷ് റെഡ്ഡി എന്നിവരും ഉൾപ്പെടുന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനുമായി ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ജയിൽ അധികൃതർ ശനിയാഴ്ച അറിയിച്ചു.