തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, രാഷ്ട്രീയ രംഗത്തെ പുതിയ ‘എക്‌സ് ഫാക്ടറായി’ മാറിയിരിക്കുകയാണ് നടൻ വിജയ്‌യും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും (TVK). വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനമുണ്ടാക്കുമെന്ന കാര്യത്തിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും കോൺഗ്രസ് എംപി കാർത്തി ചിദംബരവും തമ്മിൽ ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.

വിജയ്‌യുടെ ജനപ്രീതി ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും, അത് വോട്ടുകളായും സീറ്റുകളായും മാറുമോ എന്ന കാര്യത്തിൽ ഇരുവർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

തമിഴ്‌നാട്ടിലെ പുത്തൻ തലമുറ (Gen Z) വിജയിയെ ഒരു മൂന്നാം ഓപ്ഷനായി കാണാൻ സാധ്യതയുണ്ടെന്ന് അണ്ണാമലൈ നിരീക്ഷിച്ചു. എന്നാൽ രാഷ്ട്രീയ പരിചയക്കുറവ് വിജയ്‌ക്ക് തിരിച്ചടിയാകുമെന്നും അത് എൻഡിഎയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം വാദിച്ചു.