ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതായി പുറത്തുവന്ന പുതിയ വീഡിയോയ്ക്കെതിരേയും ആരോപണങ്ങളുമായി എതിരാളികൾ. താൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളാൻ അദ്ദേഹം പങ്കുവച്ച വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ച ‘ഡീപ്ഫേക്ക്’ ആണെന്ന ആരോപണമാണ് ഇപ്പോൾ എതിരാളികൾ ഉയർത്തുന്നത്.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘എക്സ്’ പ്ലാറ്റ്ഫോമിലെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ തന്നെ ഈ വീഡിയോ വ്യാജമാണെന്ന് പ്രഖ്യാപിച്ചതാണ് ഇസ്രയേലിനെ വെട്ടിലാക്കിയത്. “ഇതൊരു 100% ഡീപ്ഫേക്ക് വീഡിയോയാണെന്നും നെതന്യാഹു ഒരു കഫേയിലിരുന്ന് ഇറാൻ-ലെബനൻ സൈനിക നീക്കങ്ങളെക്കുറിച്ച് സംസാരിക്കുന്ന യഥാർഥ സംഭവം നടന്നിട്ടില്ലെന്നും ഗ്രോക്ക് പ്രതികരിച്ചു.
മുമ്പ് പുറത്തുവന്ന ഒരു വീഡിയോയിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉള്ളതായി കാണപ്പെട്ടത് എഐ പിശകാണെന്നും അദ്ദേഹം മരിച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായി പുതിയ വീഡിയോയിൽ അദ്ദേഹം തന്റെ പത്ത് വിരലുകളും ക്യാമറയ്ക്കു മുന്നിൽ കാണിക്കുന്നുണ്ട്.
എന്നാൽ വീഡിയോയിൽ നെതന്യാഹു താഴേക്കു നോക്കുമ്പോൾ മുഖത്തിന്റെ ആകൃതി മാറുന്നതും പശ്ചാത്തലത്തിലുള്ള ആളുകളുടെ രൂപത്തിലെ അവ്യക്തതയുമാണ് ഡീപ്ഫേക്ക് ആരോപണത്തിനു പിന്നിൽ. എന്നാൽ, ജറുസലേമിലെ ‘സതാഫ്’ എന്ന കഫേ നെതന്യാഹു അവിടെ വന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതു വീഡിയോ യഥാർത്ഥമാണെന്ന വാദത്തിന് ബലമേകുന്നു.



