അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായും 30 പേർക്ക് പരിക്കേറ്റതായും താലിബാൻ. കാബൂളിൽ അടുത്തിടെ നടന്ന വ്യോമാക്രമണങ്ങളെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. 

“പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഒളിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം… അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐഎസ് ഗ്രൂപ്പ് ഭീഷണിയാണ്,” താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാന് വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ മുജാഹിദ്, ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ച് അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ രാത്രികാല പ്രവർത്തനങ്ങൾ നിർത്തിവച്ചതായി പറഞ്ഞു.