അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കായി പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് പറന്ന ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ ലോകശ്രദ്ധ നേടുന്നു. ഫെബ്രുവരി 28-ന് ഇറാാനിലെ മിനാബ് എലിമെന്ററി സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും അവരുടെ സാധനങ്ങളും വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ നിരത്തി വെച്ചാണ് ഖാലിബാഫ് യാത്ര ചെയ്തത്.
യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ ക്രൂരത ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായുള്ള ശക്തമായ പ്രതീകാത്മക പ്രതിഷേധമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഈ ചിത്രങ്ങൾ തന്റെ എക്സ് (X) ഹാൻഡിലിൽ പങ്കുവെച്ച ഖാലിബാഫ്, “ഈ വിമാനത്തിലെ എന്റെ സഹയാത്രികർ, മിനാബ് 168” എന്ന് കുറിച്ചു. മിനാബ് സ്കൂൾ ആക്രമണത്തിൽ 165 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം ചർച്ചകളിൽ ഇറാന്റെ പ്രധാന നിലപാടായി മാറുമെന്നുറപ്പാണ്.



