അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകളിൽ തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിച്ച് ഇറാൻ രംഗത്ത്. ഇറാനിലെ റവല്യൂഷണറി ഗാർഡിന്റെ തലവനായ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി സമാധാന ചർച്ചകളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ പുറത്തുവിട്ട വിശകലനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇറാൻ പ്രതിരോധ മന്ത്രാലയത്തിലെ കടുത്ത നിലപാടുകാരനായ അഹമ്മദ് വാഹിദി ചർച്ചകളിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറാകുന്നില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം തന്നെ ചർച്ചകളുടെ ദിശ നിർണ്ണയിക്കുന്നതിലും ഇപ്പോൾ വാഹിദിയുടെ തീരുമാനങ്ങളാണ് നിർണ്ണായകമാകുന്നത്. ഇതോടെ അമേരിക്കൻ പ്രതിനിധികളുമായി തുടരുന്ന സമാധാന ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുമായി നേരിട്ട് ബന്ധമുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് അഹമ്മദ് വാഹിദി. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റതിന് ശേഷം മൊജ്തബ ഖമേനി നിലവിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ രഹസ്യ കേന്ദ്രത്തിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഭരണകൂടത്തിലെ സിവിൽ നയതന്ത്രജ്ഞരെ പൂർണ്ണമായും മറികടന്ന് സൈനിക കൗൺസിൽ ചർച്ചകളുടെ നിയന്ത്രണം പിടിച്ചെടുത്തത്.
അന്താരാഷ്ട്ര വിപണിയിൽ വലിയ ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം തുടരാൻ തന്നെയാണ് ഇറാന്റെ തീരുമാനം. യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ പൂർണ്ണമായും നിർത്തിവെക്കണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യത്തെ ഇറാൻ ശക്തമായി എതിർക്കുന്നുണ്ട്. കൂടുതൽ കാലം യുദ്ധം നീണ്ടുനിന്നാൽ അത് അമേരിക്കയുടെ സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളെയാകും കൂടുതൽ ദോഷകരമായി ബാധിക്കുകയെന്നാണ് ഇറാന്റെ വിലയിരുത്തൽ.
മുൻപ് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ഒന്നാംഘട്ട ചർച്ചകളിൽ ഇറാൻ പ്രതിനിധികൾ അമേരിക്കയോട് മൃദുസമീപനം സ്വീകരിച്ചു എന്ന തരത്തിൽ ആഭ്യന്തരമായി കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിനിർത്തിക്കൊണ്ട് കമാൻഡർ അഹമ്മദ് വാഹിദി നേരിട്ട് വിദേശ പ്രതിനിധികളുമായി ചർച്ചകൾക്ക് തുടക്കമിട്ടത്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം ഇറാനിലെത്തി പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അർജന്റീനയിലെ ജൂത സാംസ്കാരിക കേന്ദ്രത്തിന് നേരെ ഉണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ക്യൂഡ്സ് ഫോഴ്സിന്റെ മുൻ തലവനായിരുന്നു അഹമ്മദ് വാഹിദി. 2022ൽ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. വാഹിദിയുടെ കടുത്ത നിലപാടുകൾ കാരണം അമേരിക്കയ്ക്ക് ഈ പ്രതിസന്ധിയിൽ ഒരു സമാധാന കരാറിലെത്തുക എന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.



