ചൊവ്വാഴ്ച ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ലാരിജാനിയുടെ നഷ്ടം വകവയ്ക്കാതെ തങ്ങൾ പേരാട്ടം തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. വ്യക്തികളുടെ സാന്നിധ്യമോ അഭാവമോ ഇറാന്റെ രാഷ്ട്രീയ, സാമ്പത്തിക ഘടനയെ ബാധിക്കില്ലെന്ന് അരാഗ്ചി അൽ ജസീറയോട് പറഞ്ഞു.
ഇറാനിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ വ്യക്തികളിൽ ഒരാളും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ തലവനുമായ അലി ലാരിജാനി, ടെഹ്‌റാന് സമീപമുള്ള മകളുടെ വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകൻ, ഡെപ്യൂട്ടി, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. തങ്ങളുടെ പരമോന്നത നേതാവ് രക്തസാക്ഷിയായിട്ടും ഭരണസംവിധാനം അതിന്റെ പ്രവർത്തനം കരുത്തോടെ തുടർന്നതായി അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് ആരോപിച്ച അരാഗ്ചി, ഈ യുദ്ധം മൂലമുണ്ടായ സാമ്പത്തികവും മാനുഷികവുമായ നഷ്ടങ്ങൾക്ക് അമേരിക്ക മറുപടി പറയേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.



