എണ്ണ നയതന്ത്രത്തിൽ അമേരിക്ക ഇരട്ടത്താപ്പ് കാണിക്കുന്നതായി ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ആരോപിച്ചു. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെതിരെ നേരത്തെ നിലപാടെടുത്ത വാഷിംഗ്ടൺ, ഇപ്പോൾ ഇറാന്റെ എണ്ണ വിപണി തടസ്സപ്പെട്ടതോടെ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങളോട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇറാനുമായുള്ള യുദ്ധം ആഗോള ഊർജ്ജ വിപണിയെ ബാധിച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ മാറ്റമെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.

“റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്ക, ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ കെഞ്ചുകയാണ്,” അരാഗ്ചി എക്സിൽ കുറിച്ചു.

റഷ്യക്കെതിരെ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇറാനെതിരായ “നിയമവിരുദ്ധ യുദ്ധത്തെ” പിന്തുണയ്ക്കുന്ന യൂറോപ്യൻ സർക്കാരുകളെയും അദ്ദേഹം വിമർശിച്ചു. ഇത് ദയനീയമായ നീക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എണ്ണവില വർദ്ധിക്കുന്നത് റഷ്യയുടെ വരുമാനം വർദ്ധിപ്പിക്കുന്നു എന്ന ഫിനാൻഷ്യൽ ടൈംസ് വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.