വരാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിസ അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇറാന്‍ ടീമിന് വിസ നല്‍കുന്നതില്‍ ട്രംപ് ഭരണകൂടത്തിന് യാതൊരുവിധ എതിര്‍പ്പുമില്ലെന്ന് ഈ ആഴ്ച ആദ്യം കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന യോഗത്തില്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കായികമേളയുടെ മറവില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) പ്രതിനിധികളെയോ അതുമായി ബന്ധമുള്ളവരെയോ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് യു.എസ്. കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു.

അത്ലറ്റിക്‌സുമായി യാതൊരു ബന്ധവുമില്ലാത്ത ഐആര്‍ജിസി ബന്ധമുള്ള വ്യക്തികളെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇക്കാര്യം അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. ഫിഫ ലോകകപ്പിലേക്കുള്ള യാത്രയിലുള്ള ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ വിസ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അങ്കാറയിലെ യു.എസ് എംബസി സംഘത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. കായികം അതിരുകള്‍ക്ക് അതീതമാണെന്ന് തുര്‍ക്കിയിലെ യു.എസ് അംബാസഡര്‍ ടോം ബാരക് എക്‌സില്‍ കുറിച്ചു. ഇറാന്‍ ടീമിന് വിസ അനുവദിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മത്സരങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് നടക്കുന്നതെങ്കിലും, യു.എസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക-വ്യാപാര ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ ടീം മെക്‌സിക്കോയിലായിരിക്കും താമസിക്കുക. ഉപരോധങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ഈ തീരുമാനം. യു.എസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മില്‍ നിലനിന്നിരുന്ന യുദ്ധ പശ്ചാത്തലത്തില്‍, ഇറാന്റെ കായിക മന്ത്രി മാര്‍ച്ചില്‍ ടീം ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 7 മുതല്‍ ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. തുടര്‍ന്ന്, ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടിയത് തങ്ങളുടെ കഠിനാധ്വാനം കൊണ്ടാണെന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക എന്നത് ടീമിന്റെ അവകാശമാണെന്നും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കിയിരുന്നു.