ടെഹ്റാൻ: രണ്ട് മാസത്തോളമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമൂസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാൻ ഇറാൻ തങ്ങളുടെ രഹസ്യ ആയുധമായ ‘മൊസ്കിറ്റോ ഫ്ലീറ്റ്’ പുറത്തെടുത്തിരിക്കുകയാണ്. റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കീഴിലുള്ള ഈ ബോട്ടുകൾ ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്.
ചെറിയ വലിപ്പമുള്ളതും എന്നാൽ അസാമാന്യ വേഗതയുള്ളതുമായ ബോട്ടുകളുടെ കൂട്ടമാണ് ‘മൊസ്കിറ്റോ ഫ്ലീറ്റ്’. ഇവയിൽ ചില ബോട്ടുകൾക്ക് മണിക്കൂറിൽ ഏകദേശം 185 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. വിനോദയാത്രയ്ക്കുള്ള ബോട്ടുകളെപ്പോലും പരിഷ്കരിച്ച് അതിൽ റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡുകൾ, മെഷീൻ ഗണ്ണുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ചെറിയ അന്തർവാഹിനികളും ഡ്രോണുകളും ഈ വ്യൂഹത്തിന്റെ ഭാഗമാണ്.
വലിയ നാവിക യുദ്ധങ്ങൾക്ക് പകരം ‘ആക്രമിക്കുക, ഒളിക്കുക’ എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്. റഡാറുകൾക്ക് പിടികൊടുക്കില്ലെന്നതാണ് വലിയൊരു കാര്യം. വലിപ്പം കുറവായതിനാൽ ഉപഗ്രഹ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ എളുപ്പത്തിൽ കണ്ടെത്താനാവില്ല.
ഇറാന്റെ തീരപ്രദേശത്തെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലാണ് ഈ ബോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. പത്തോളം രഹസ്യ താവളങ്ങളിൽ നിന്നായി മിനിറ്റുകൾക്കുള്ളിൽ ഇവയെ വിന്യസിക്കാൻ ഇറാന് സാധിക്കും. അമേരിക്കൻ യുദ്ധക്കപ്പലുകൾ വലിയ പീരങ്കികൾ ഉപയോഗിച്ച് ഇവയെ നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിരോധ സംവിധാനങ്ങളില്ലാത്ത ചരക്ക് കപ്പലുകൾ ഈ ‘കൊതുക് പട’യ്ക്ക് മുന്നിൽ നിസഹായരാണ്.



