ബെംഗളൂരു: ഐപിഎൽ ചരിത്രത്തിൽ അപൂര്‍വനേട്ടം സ്വന്തമാക്കി ആര്‍സിബി പേസർ ഭുവനേശ്വർ കുമാർ. ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂര്‍വ റെക്കോർഡാണ് ഭുവി സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ചെന്നൈ താരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വർ ഈ നേട്ടത്തിലെത്തിയത്. 192 മത്സരങ്ങളില്‍ നിന്നാണ് ഭുവി 200 വിക്കറ്റ് തികച്ചത്. ചെന്നൈക്കെതിരെ നാലോവറില്‍ 41 റണ്‍സ് വഴങ്ങി ഭുവി മൂന്ന് വിക്കറ്റെടുത്തിരുന്നു.
ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറും ആദ്യ പേസറുമാണ് ഭുവനേശ്വർ കുമാർ. പഞ്ചാബ് കിംഗ്സ് സ്പിന്നറായ യുസ്വേന്ദ്ര ചാഹലാണ് (224 വിക്കറ്റ്) ഐപിഎല്ലിൽ 200 വിക്കറ്റ് തികച്ച ആദ്യ ബൗളര്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 191 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തിയ സുനില്‍ നരെയ്നാണ് ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത്.ഒരു ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോർഡ് നിലവിൽ നരെയ്ന്റെ പേരിലാണ്.



