കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾക്ക് (SIR) ഇന്ന് തുടക്കം കുറിയ്ക്കും. കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.
ഇന്ന് മുതൽ ബൂത്തുതല ഓഫീസർമാർ (BLO) വീടുകളിലെത്തി എൻന്യൂമറേഷൻ ഫോം വിതരണം ആരംഭിക്കും. ഇന്ന് മുതൽ ഡിസംബർ 4 വരെ ഫോമുകൾ വിതരണം നടത്തും. ബിഎൽഒമാർ നൽകുന്ന ഫോമുകൾ വോട്ടർമാർ 2003 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. പേരുകൾ ഇതിനകം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അധിക രേഖകൾ സമർപ്പിക്കേണ്ടതില്ല.



