ലീഗ്‌സ് കപ്പ് മത്സരത്തിനിടെ അർജൻ്റെൻ താരം ലയണൽ മെസിക്ക് പരിക്കേറ്റു. നെകാക്‌സയുടെ പെനാൽറ്റി ബോക്‌സിലേക്ക് മുന്നേറുന്നതിനിടെ ഞായറാഴ്ച നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് സംഭവം. പരിക്കേറ്റതിനെത്തുടർന്ന് മെസിക്ക് കളം വിടേണ്ടി വന്നു.
എതിർ കളിക്കാർ തടയാൻ ശ്രമിക്കുന്നതിനിടെ വീണ മെസിയുടെ പേശിക്കാണ് പരിക്കേറ്റത്. മെഡിക്കൽ സംഘം ഉടൻ തന്നെ അദ്ദേഹത്തെ പരിശോധിക്കുകയും കളിക്കളത്തിൽ നിന്ന് മാറ്റുകയും ചെയ്തു. പരിക്കിന്റെ തീവ്രതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മെസിയുടെ അഭാവത്തിലും ഇന്റർ മയാമിക്ക് മത്സരത്തിൽ വിജയം നേടാനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്. മെസിയുടെ പരിക്ക് ടീമിനും ആരാധകർക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹമില്ലാതെയും ടീം വിജയിച്ചു എന്നത് ശ്രദ്ധേയമാണ്.