ഇന്നത്തെ കാലത്ത് അമിതവണ്ണം കുറയ്ക്കാൻ പലരും ആശ്രയിക്കുന്ന ഒന്നായി ‘സ്കിന്നി ജാബ്സ്’ എന്ന് വിളിക്കപ്പെടുന്ന വെയ്റ്റ് ലോസ് ഇഞ്ചക്ഷനുകൾ മാറിയിരിക്കുന്നു. മഞ്ചാരോ, വിഗോവി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ മരുന്നുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം വളരെ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഈ മാന്ത്രിക ഇഞ്ചക്ഷനുകൾ നിർത്തുമ്പോൾ സംഭവിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം ഇഞ്ചക്ഷനുകൾ എടുക്കുന്നത് നിർത്തിയാൽ ഭാരം പഴയതിനേക്കാൾ നാല് മടങ്ങ് വേഗത്തിൽ തിരികെ വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ഈ രീതിയിൽ ഭാരം കുറയ്ക്കുന്നവർ തങ്ങൾ നേരിടാൻ പോകുന്ന റിസ്ക്കുകളെക്കുറിച്ച് കൃത്യമായ ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ ഇഞ്ചക്ഷനുകൾ പ്രവർത്തിക്കുന്നത് നമ്മുടെ ശരീരത്തിലെ സ്വാഭാവിക ഹോർമോണായ ജിഎൽപി-1ന് സമാനമായാണ്. ഇത് തലച്ചോറിൽ വിശപ്പിനെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെ സ്വാധീനിക്കുകയും നമുക്ക് വയർ നിറഞ്ഞ അനുഭവം നൽകുകയും ചെയ്യുന്നു. ദീർഘകാലം കൃത്രിമമായി ഈ ഹോർമോൺ ശരീരത്തിൽ എത്തുന്നതോടെ, ശരീരം സ്വന്തമായി ജിഎൽപി-1 ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ സാധ്യതയുണ്ട്. 

മരുന്ന് നിർത്തുന്ന നിമിഷം ശരീരത്തിന് വിശപ്പിനെ നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും അമിതമായ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും നിയന്ത്രിക്കാനാവാത്ത ഭക്ഷണരീതിയിലേക്കും അതിവേഗത്തിലുള്ള ഭാരവർധനവിലേക്കും നയിക്കുന്നു. ഒരു സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് വിശപ്പ് കൂടുന്ന അനുഭവമാണ് പല രോഗികളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡയറ്റിംഗിലൂടെ ഭാരം കുറയ്ക്കുന്നവരെ അപേക്ഷിച്ച് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നവർക്ക് പിന്നീട് ഭാരം കൂടാനുള്ള വേഗത എട്ട് മടങ്ങ് വരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ചികിത്സ നിർത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കൃത്യമായ ധാരണ നൽകണമെന്നാണ്. ഇഞ്ചക്ഷൻ എടുക്കുമ്പോൾ ശരീരഭാരം 20 ശതമാനം വരെ കുറയാമെങ്കിലും മരുന്ന് നിർത്തിയാൽ പ്രതിമാസം ശരാശരി 0.8 കിലോ എന്ന നിരക്കിൽ ഭാരം കൂടാൻ സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ ഗ്ലാസ്ഗോ സർവകലാശാലയിലെ പ്രൊഫസർ നവീദ് സത്താർ ഇതിന് മറ്റൊരു വശം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുരുങ്ങിയ കാലയളവിൽ ഭാരം കുറയ്ക്കുന്നത് ഹൃദയം, വൃക്ക, സന്ധികൾ എന്നിവയ്ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നിരുന്നാലും ഇത് നിലനിർത്തണമെങ്കിൽ മൂന്നോ നാലോ വർഷം വരെ തുടർച്ചയായി മരുന്ന് ഉപയോഗിക്കേണ്ടി വന്നേക്കാം. 

വെറും സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അമിതവണ്ണം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രമേ ഇത് നിർദ്ദേശിക്കാവൂ എന്നും എൻഎച്ച്എസ് കർശനമായ നിർദ്ദേശം നൽകുന്നുണ്ട്. മരുന്ന് കമ്പനികളായ എലി ലില്ലിയും നോവോ നോർഡിസ്കും വ്യക്തമാക്കുന്നത് ഈ ഇഞ്ചക്ഷനുകൾക്കൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും അനിവാര്യമാണെന്നാണ്. കേവലം മരുന്നിനെ മാത്രം ആശ്രയിക്കുകയും ഭക്ഷണരീതിയിൽ മാറ്റം വരുത്താതിരിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. 

ബ്രിട്ടനിൽ ഇതിനോടകം തന്നെ 16 ലക്ഷത്തോളം മുതിർന്നവർ ഇത്തരം ഇഞ്ചക്ഷനുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിൽ പുരുഷന്മാരേക്കാൾ ഇരട്ടി സ്ത്രീകളാണ് വെയ്റ്റ് ലോസ് ഇഞ്ചക്ഷനുകൾ ഉപയോഗിക്കുന്നത്. സ്വാഭാവികമായ വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ഭാരം കുറയ്ക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ ഇത്തരം കൃത്രിമ മാർഗ്ഗങ്ങളിലൂടെ ലഭിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ ആവർത്തിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഈ മരുന്നുകളുടെ ഫലത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത്തരം കുത്തിവെയ്പ്പുകൾ എടുക്കുന്നത് അപകടകരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.