ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇന്ത്യൻ രൂപയെ റെക്കോർഡ് തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93.89 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. കഴിഞ്ഞ ആഴ്ച 93 രൂപ കടന്ന വിനിമയ നിരക്ക് ഇപ്പോൾ 94 രൂപയോട് അടുക്കുകയാണ്.

മധ്യേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കനത്ത തിരിച്ചടിയാണ്.