ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ ചെന്നൈ സൂപ്പർ കിങ്‌സ് അടിയറവ് പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 43 റൺസിനാണ് ആർസിബി സിഎസ്‌കെയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി, നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന ഈ സീസണിലെ ഏറ്റവും ഉയർന്ന ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം 19.4 ഓവറിൽ 207 റൺസിൽ അവസാനിച്ചു. ഇതോടെ സീസണിൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

ബാറ്റെടുത്തവരെല്ലാം സിക്സറുകളുമായി കളം നിറഞ്ഞതാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ് സ്കോർ 250-ൽ എത്തിച്ചത്. ജാമി ഓവർട്ടൻ എറിഞ്ഞ 19-ാം ഓവറിൽ മാത്രം ടിം ഡേവിഡ് 30 റൺസ് വാരിക്കൂട്ടി. 25 പന്തിൽ 8 സിക്സറുകളും 3 ഫോറുകളും സഹിതം 70 റൺസെടുത്ത ഡേവിഡും, 19 പന്തിൽ 48 റൺസെടുത്ത നായകൻ രജത് പടിദാറും പുറത്താകാതെ നിന്നു. ഓപ്പണർ ഫിൽ സാൾട്ട് (46), വിരാട് കോഹ്‌ലി (28), അർദ്ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കൽ (50) എന്നിവരും ആർസിബി നിരയിൽ തിളങ്ങി.

മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദ് (7), ആയുഷ് മാത്രെ (1) എന്നിവർ നേരത്തെ മടങ്ങി. മലയാളി താരം സഞ്ജു സാംസൺ (9) വീണ്ടും നിരാശപ്പെടുത്തി. 25 പന്തിൽ 50 റൺസെടുത്ത സർഫറാസ് ഖാൻ മാത്രമാണ് ചെന്നൈ നിരയിൽ പൊരുതി നോക്കിയത്. പ്രശാന്ത് വീർ (43), ജാമി ഓവർട്ടൻ (37) എന്നിവർ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ആർസിബി ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി. ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജേക്കബ് ഡഫി, അഭിനന്ദൻ സിങ്, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.