രാജ്യത്തെ ആരോഗ്യ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR). ഇന്ത്യക്കാരിൽ ഭൂരിഭാഗവും എങ്ങനെയാണ് മരിക്കുന്നതെന്ന് വ്യക്തമല്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ , രാജ്യത്ത് ആരോഗ്യ നയങ്ങളും വിഭവങ്ങളും എങ്ങനെ ആസൂത്രണം ചെയ്യപ്പെടുന്നു എന്നതിനെ കുറിച്ചും ആരോഗ്യ മുൻഗണനകൾ തീരുമാനിക്കുന്നതിന് മരണകാരണം സംബന്ധിച്ച വിശ്വസനീയമായ രേഖകൾ അനിവാര്യമാണെന്നതിനെ കുറിച്ചും ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്.

ലോക ജനസംഖ്യയുടെ ഏകദേശം 18% ഇന്ത്യയിലാണെങ്കിലും വൈദ്യശാസ്ത്രപരമായി സാക്ഷ്യപ്പെടുത്തിയ മരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണ്. ഇന്ത്യൻ രജിസ്ട്രാർ ജനറലിന്റെ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2020 ൽ രാജ്യത്തെ മരണങ്ങളിൽ 22.5% മാത്രമേ വൈദ്യശാസ്ത്രപരമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളൂ. അതായത്, ഏകദേശം 10 മരണങ്ങളിൽ 8 എണ്ണത്തിലും, കൃത്യമായ കാരണം ഒരു ഡോക്ടർ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 10 വർഷങ്ങൾക്കിടെ വെറും 2.5 ശതമാനത്തിൻറെ വർദ്ധനവ് മാത്രമാണ് ഈ കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ്  ഈ വിഷയത്തിൽ ഏറ്റവും സങ്കടകരമായ വസ്തുത. കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള മരണ സർട്ടിഫിക്കറ്റ് പാറ്റേണുകൾ സൂക്ഷ്മമായി പരിശോധിച്ച ആദ്യ പഠനമാണ് ഇത്. ഇത് വിശാലമായ പ്രാദേശിക വ്യത്യാസങ്ങൾ എടുത്ത് കാണിക്കുകയും ഇതുവരെ അവഗണിക്കപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ വിടവുകളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നുണ്ട്.