കട്ടക്ക്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ വെറും 74 റണ്‍സിന് ഓള് ഔട്ടായി. 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
14 റണ്‍സ് വീതമെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 25 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച മുള്ളന്‍പൂരില്‍ നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 175-6, ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74ന് ഓള് ഔട്ട്.



