രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് ജയവുമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരിയപ്പോള്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 36കാരന്‍ രവീന്ദ്ര ജഡേജ. 12 വിക്കറ്റുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്തത് കുല്‍ദീപ് യാദവും രണ്ട് ടെസ്റ്റില്‍ 219 റണ്‍സടിച്ച് റണ്‍വേട്ടയില്‍ മുന്നിലെത്തിയത് യശസ്വി ജയ്സ്വാളും ആയിരുന്നെങ്കിലും ആദ്യ ടെസ്റ്റില്‍ അപരാജിത സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയെ ആണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജഡേജ 104 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും നാലു വിക്കറ്റുകളും വീഴ്ത്തി.

ഗൗതം ഗംഭിര്‍ പരിശീലകനായശേഷം ടെസ്റ്റില്‍ ആറാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങുതെന്നും ഇത് ഒരു ബാറ്ററെന്ന നിലയില്‍ തന്‍റെ ഉത്തരവാദിത്തം കൂട്ടിയെന്ന് മാന്‍ ഓഫ് ദ് സീരിസ് പുരസ്കാരം സ്വീകരിച്ചശേഷം ജഡേജ പറഞ്ഞു. റെക്കോര്‍ഡുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും ബാറ്റിംഗിന് അവസരം കിട്ടുമ്പോള്‍ പരമാവധി സമയം ക്രീസില്‍ പിടിച്ചു നില്‍ക്കാനാണ് ശ്രമിക്കാറുള്ളതെന്നും ജഡേജ പറഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും ടീമിന് കഴിവിന്‍റെ പരമാവധി നല്‍കാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നതെന്നും കരിയറിലെ മൂന്നാമത്തെ മാന്‍ ഓഫ് ദ് സീരീസ് പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ജഡേജ പുരസ്കാരം സ്വീകരിച്ചശേഷം പറഞ്ഞു.

ജഡേജ പരമ്പരയുടെ താരമായപ്പോള്‍ മത്സരത്തില്‍ 8 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് കളിയിലെ താരമായത്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആദ്യ ഇന്നിംഗ്സില്‍ 175 റണ്‍സടിച്ച് ടോപ് സ്കോററായെങ്കിലും ആദ്യ ഇന്നിംഗ്സിലെ 5 വിക്കറ്റ് അടക്കം എട്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിനെ കളിയിലെ താരമായി തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സര പരമ്പരയില്‍ 219 റണ്‍സുമായി മുന്നിലെത്തിയത് ഇന്ത്യയുടെ യശസ്വി ജയ്സ്വാളായിരുന്നെങ്കില്‍ വിക്കറ്റ് വേട്ടയില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനമടക്കം12 വിക്കറ്റുമായി ഒന്നാമനായത് കുല്‍ദീപ് യാദവായിരുന്നു.