India vs West Indies 1st Test

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ ടെസ്റ്റില്‍ അനായാസ ജയം നേടിയ ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. വെള്ളിയാഴ്ച അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ് തുടങ്ങുക. വിജയിച്ച പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് ഇന്ത്യൻ സഹ പരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയെങ്കിലും വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കണക്കിലെടുത്ത് ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള സാധ്യതയും മുന്നിലുണ്ട്.

ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാള്‍-കെ എല്‍ രാഹുല്‍ സഖ്യം തന്നെയാകും ഇറങ്ങുക. മൂന്നാം നമ്പറിലാണ് ആദ്യ മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സായ് സുദര്‍ശന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിന് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ സുദര്‍ശന് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചാല്‍ പടിക്കല്‍ ഇത്തവണയും പുറത്തിരിക്കേണ്ടിവരും.

നാലാം നമ്പറില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഇറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റിലെ സെഞ്ചുറി വീരനായ ധ്രുവ് ജുറെല്‍ ആകും അഞ്ചാം നമ്പറില്‍ ക്രീസിലെത്തുക. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തുമ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓള്‍ റൗണ്ടറായി ടീമിലെ സ്ഥാനം നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍.