ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറേൽ. പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്തിന് പകരമാണ് ജുറേൽ ടീമിലെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് (ജനുവരി 10) വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നെറ്റ് പരിശീലനത്തിനിടെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് പരിക്കേറ്റത്. ബാറ്റ് ചെയ്യുന്നതിനിടെ, പന്തിന് പെട്ടെന്ന് വയറിന്റെ വലതുവശത്ത് കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പന്ത് മൈതാനം വിടുകയായിരുന്നു.
ഋഷഭ് പന്തിനെ ഉടൻ തന്നെ എംആർഐ സ്കാനിനായി കൊണ്ടുപോയി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മെഡിക്കൽ സംഘം ഒരു സ്പെഷ്യലിസ്റ്റുമായി ചേർന്ന് താരത്തിന്റെ ക്ലിനിക്കൽ, റേഡിയോളജിക്കൽ റിപ്പോർട്ടുകൾ വിശദമായി വിശകലനം ചെയ്തു. പരിശോധനയിൽ പന്തിന് ഒരു വശത്ത് പേശിവേദന അനുഭവപ്പെട്ടതായി കണ്ടെത്തി. തൽഫലമായി, പന്തിനെ ഏകദിന പരമ്പരയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.



