ന്യൂഡൽഹി: ഇന്ത്യ – യുഎസ് വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിക്ക് വലിയ ഉത്തേജനമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. 50 ശതമാനം താരിഫ് 18 ശതമാനമായി കുറച്ചത് അയൽ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇത് നമ്മുടെ കയറ്റുമതിക്കാർക്ക് വലിയ സഹായം നൽകും. ഈ കരാർ ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ പ്രതീക്ഷകളും അവസരങ്ങളും നൽകുന്നുവെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് പൂജ്യം താരിഫിൽ കയറ്റുമതി ചെയ്യുന്ന വിവിധ ഉൽപന്നങ്ങളുടെ പട്ടികയും പിയൂഷ് ഗോയൽ പങ്കുവെച്ചു. ഇതിൽ രത്നങ്ങളും വജ്രങ്ങളും മുതൽ വിമാന ഭാഗങ്ങൾ വരെ ഉൾപ്പെടുന്നു.

ഈ ഉൽപന്നങ്ങൾക്ക് പൂജ്യം താരിഫ്

രത്നങ്ങളും വജ്രങ്ങളും
മരുന്നുകൾ
വിമാന ഭാഗങ്ങൾ
സ്മാർട്ട് ഫോണുകൾ
സുഗന്ധവ്യഞ്ജനങ്ങൾ
തേയില
കാപ്പി
തേങ്ങ, വെളിച്ചെണ്ണ
അടയ്ക്ക
ബ്രസീൽ നട്ട്
കശുവണ്ടി
ചെസ്റ്റ്നട്ട്
വെജിറ്റബിൾ വാക്സ്
അവക്കാഡോ
വാഴപ്പഴം
മാമ്പഴം
പൈനാപ്പിൾ
കൂൺ

ചില ബേക്കറി ഉൽപന്നങ്ങൾ

നിരവധി ഉൽപന്നങ്ങൾക്ക് താരിഫുകൾ പൂജ്യമാകുന്നത് ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമതയും ‘മേക്ക് ഇൻ ഇന്ത്യ’യും കൂടുതൽ മെച്ചപ്പെടുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. അതേസമയം ഇന്ത്യയുടെ പ്രധാനപ്പെട്ട കാർഷിക, പാൽ ഉൽപന്ന മേഖലകൾ സംരക്ഷിക്കപ്പെടുമെന്ന് പിയൂഷ് ഗോയൽ ആവർത്തിച്ചു. ഇന്ത്യയിലെ കാർഷിക ഉൽപന്നങ്ങൾ അമേരിക്കയിലേക്ക് പൂജ്യം താരിഫിൽ കയറ്റുമതി ചെയ്യും. അമേരിക്കൻ കർഷകരുടെ കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ താരിഫ് ഇളവുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ആഴ്ച ആദ്യം നടത്തിയ സംഭാഷണത്തിന് പിന്നാലെ ട്രംപ് ആണ് വ്യാപാര കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഊർജം, വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉൽപന്നങ്ങൾ, കോക്കിങ് കൽക്കരി എന്നിവ വാങ്ങാൻ ഇന്ത്യയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.