കൊടും വേനൽക്കാലം ആരംഭിക്കാനിരിക്കെ പാകിസ്താനിലെ ജലപ്രതിസന്ധി രൂക്ഷമാകുന്നു. സിന്ധു നദീജല കരാർ (IWT) ഇന്ത്യ ഇതിനകം തന്നെ റദ്ദാക്കിയതിന് പിന്നാലെ, രവി നദിയിൽ നിന്നുള്ള അധിക ജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാൻ ഇന്ത്യ നടപടികൾ പൂർത്തിയാക്കി.

ഷാപൂർ കണ്ടി ബാരേജിന്റെ നിർമ്മാണം മാർച്ച് 31-നകം പൂർത്തിയാകുന്നതോടെ ഏപ്രിൽ മുതൽ രവി നദിയിലെ വെള്ളം പൂർണ്ണമായും ഇന്ത്യയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. പതിറ്റാണ്ടുകളായി ഇന്ത്യയിലെ സംഭരണ സൗകര്യങ്ങളുടെ കുറവ് കാരണം ഈ വെള്ളം പാകിസ്താനിലേക്കായിരുന്നു ഒഴുകിയിരുന്നത്.

ജമ്മു കശ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണയാണ് തിങ്കളാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. വരൾച്ചാ ബാധിത പ്രദേശങ്ങളായ കത്വ, സാംബ ജില്ലകളിലെ ജലസേചനത്തിനായാണ് ഈ വെള്ളം ഉപയോഗിക്കുക. പാകിസ്താനിലേക്കുള്ള അധിക ജലം നിർബന്ധമായും തടയുമെന്നും ഇത് ഇന്ത്യയുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വാരം കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീലും സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു.