ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിഡ്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിന് ജയിച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ (137), ഗ്ലെന്‍ ഫിലിപ്‌സ് (106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മുറപടി ബാറ്റിംഗില്‍ ഇന്ത്യ 46 ഓവറില്‍ 296ന് എല്ലാവരും പുറത്താവുകയായിരുന്നു. 108 പന്തില്‍ 124 റണ്‍സ് നേടിയ വിരാട് കോലിയുടെ പോരാട്ടം പാഴായി.
കോലിക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി (53), ഹര്‍ഷിത് റാണ (52) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മയുെട (11) വിക്കറ്റ് നഷ്ടമായി. സക്കാരി ഫൗള്‍ക്‌സിന്റെ പന്തില്‍ ക്രിസ്റ്റ്യാന്‍ ക്ലാര്‍ക്കിന് ക്യാച്ച്. ഏഴാം ഓവറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ (23) കെയ്ല്‍ ജാമിസണ്‍ ബൗള്‍ഡാക്കി. ശ്രേയസ് അയ്യര്‍ക്ക് (3) പത്ത് പന്ത് മാത്രമായിരുന്നു ആയുസ്. ക്ലാര്‍ക്കിന്റെ പന്തില്‍ മിഡ് ഓണില്‍ ഫൗള്‍ക്‌സിന് ക്യാച്ച്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിക്കാരന്‍ കെ എല്‍ രാഹുലിന് ഇത്തവണ തിളങ്ങാനായില്ല. സ്പിന്നര്‍ ജെയ്ഡന്‍ ലെനോക്‌സിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങുന്നത്.
പിന്നീട് കോലി നിതീഷ് സഖ്യം 88 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും 28-ാം ഓവറില്‍ നിതീഷ് മടങ്ങി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ (12) പാടേ നിരാശപ്പെടുത്തി. എന്നാല്‍ ഹര്‍ഷിത് റാണയുടെ അപ്രതീക്ഷിത ഇന്നിംഗ്‌സ് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. കോലിക്കൊപ്പം ചേര്‍ന്ന റാണ 99 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ റാണ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. കോലി 46-ാം ഓവറില്‍ മടങ്ങി. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. മുഹമ്മദ് സിറാജ് (0), കുല്‍ദീപ് യാദവ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അര്‍ഷ്ദീപ് സിംഗ് (4) പുറത്താവാതെ നിന്നു.



