ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള ‘വ്യാപാര കരാറുകളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉടമ്പടി അമേരിക്കയിൽ മാത്രമല്ല, അയൽരാജ്യമായ പാകിസ്ഥാനിലും വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 

വർഷങ്ങളായുള്ള ചർച്ചകൾക്കൊടുവിൽ രൂപംകൊണ്ട ഈ സ്വതന്ത്ര വ്യാപാര കരാർ (FTA), പാകിസ്ഥാൻ ദീർഘകാലമായി യൂറോപ്പിൽ ആധിപത്യം പുലർത്തിയിരുന്ന ടെക്സ്റ്റൈൽ, വസ്ത്ര നിർമ്മാണ മേഖലകളിൽ ഇന്ത്യയ്ക്ക് വലിയ വിപണി സാധ്യതകൾ തുറന്നുനൽകും. 

ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയതിന്റെ ഫലമായി ഏറ്റവും കൂടുതൽ ബാധിച്ചത് തൊഴിൽ കേന്ദ്രീകൃതമായ ഈ മേഖലകളെയാണ്. യൂറോപ്യൻ യൂണിയനുമായുള്ള കരാർ വരുന്നതോടെ മേഖല പുതിയ ഉണർവ് കൈവരിക്കും. ഇതോടെ പാകിസ്ഥാൻ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഷെഹബാസ് ഷെരീഫ് സർക്കാർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്. പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് യൂറോപ്യൻ യൂണിയൻ. പ്രതിവർഷം 9 ബില്യൺ ഡോളറിന്റെ (ഏകദേശം 8.25 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഇതിലൂടെ നടക്കുന്നത്, ഇതിൽ ഭൂരിഭാഗവും വസ്ത്രങ്ങളാണ്.

ഇന്ത്യയുമായുള്ള കരാർ തങ്ങളുടെ കയറ്റുമതിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാൻ യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ അടിയന്തര മന്ത്രിതല യോഗം വിളിച്ചു ചേർക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാനിലെ യൂറോപ്യൻ യൂണിയൻ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്.

എന്തുകൊണ്ടാണ് പാകിസ്ഥാന് ആശങ്ക?

പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുനിൽക്കുന്ന സമയത്താണ് ഈ കരാർ വരുന്നത് എന്നതാണ് അവരെ കൂടുതൽ തളർത്തുന്നത്. ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാന്റെ കയറ്റുമതി വിഹിതം 1990 കളിലെ ജി.ഡി.പിയുടെ 16% ൽ നിന്ന് 2024 ൽ ഏകദേശം 10% ആയി കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാർ യൂറോപ്യൻ വിപണിയിൽ തങ്ങളുടെ മത്സരശേഷി ദുർബലപ്പെടുത്തുമെന്നതാണ് പാകിസ്ഥാന്റെ ആശങ്കയുടെ കേന്ദ്രബിന്ദു.

നിലവിൽ പാകിസ്ഥാന് യൂറോപ്പിൽ GSP+ (Generalised System of Preferences Plus) പദവിയുണ്ട്. ഇതുവഴി പാകിസ്ഥാന്റെ 66% ഉൽപ്പന്നങ്ങൾക്കും നികുതിയില്ലാതെ യൂറോപ്പിൽ വിൽക്കാൻ സാധിക്കുമായിരുന്നു. 2014-ൽ ഈ പദവി ലഭിച്ചതിന് ശേഷം അവരുടെ വസ്ത്ര കയറ്റുമതിയിൽ 108% വർധനവുണ്ടായി. എന്നാൽ ഈ GSP+ പദവി അടുത്ത വർഷം അവസാനിക്കുകയാണ്. അത് യൂറോപ്യൻ യൂണിയൻ ഇനി നീട്ടിനൽകുമോ എന്ന ആശങ്കയും പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി നൽകുന്ന മേഖലയാണ് വസ്ത്ര മേഖല.