ഹോങ്കോങ്ങിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ടീമിന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ദുരനുഭവം. സ്റ്റേഡിയം വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും അടയ്ക്കുന്നതിലെ വീഴ്ചയെത്തുടർന്ന് ഇന്ത്യൻ മുഖ്യപരിശീലകൻ ഖാലിദ് ജമീലിനെയും മൂന്ന് പ്രമുഖ താരങ്ങളെയും അധികൃതർ ഗേറ്റിന് പുറത്ത് തടഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള മാധ്യമസമ്മേളനത്തിനായി എത്തിയപ്പോഴാണ് ഈ നാണക്കേടുണ്ടായത്.
പത്ത് വർഷത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യൻ ടീമിന് ആവേശകരമായ സ്വീകരണം ലഭിക്കേണ്ടിടത്താണ് ഭരണപരമായ ഏകോപനമില്ലായ്മ കാരണം തിരിച്ചടിയുണ്ടായത്. പരിശീലകൻ ഖാലിദ് ജമീൽ, താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, ബിജോയ് വർഗീസ് എന്നിവരെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) സുരക്ഷാ ജീവനക്കാർ ഗേറ്റിൽ തടയുകയായിരുന്നു.



