ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക കലാലയങ്ങളിലൊന്നായ സഹാറൻപൂരിലെ ദാറുൽ ഉലൂം ദയൂബന്ദ് സന്ദർശിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി.  സന്ദർശനത്തിനിടെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകുമെന്ന് മുത്താക്കി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു ദിവസം മുമ്പ് ന്യൂഡൽഹിയിൽ നടത്തിയ അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ അഭാവം പ്രതിപക്ഷ പാർട്ടികളിൽ നിന്നും മാധ്യമ സംഘടനകളിൽ നിന്നും രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ശനിയാഴ്ച നടന്ന പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിന് വനിതാ മാധ്യമപ്രവർത്തകർക്ക് ഒരു ഭാഗത്തുനിന്നും നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥാപനം വാദിച്ചു.