ആലപ്പുഴ: പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുച്ചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളം. പുതിയ റോഡുകൾ പാലങ്ങൾ എന്നിവയുടെ നിർമാണങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നിരവധി പാലങ്ങളും റോഡുകളും ജനങ്ങൾക്കായി തുറന്ന് നൽകിക്കഴിഞ്ഞു. ദേശീയപാതകളുമായി ബന്ധിപ്പിച്ചുള്ള പുതിയ റോഡുകൾ യാത്രയുടെ വേഗത വർധിപ്പിക്കും.
വമ്പൻ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെ കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറ പാലം തുറക്കാനൊരുങ്ങുകയാണ്. ഒന്നാം പിണറായി വിജയൻ സർക്കാർ 38 കോടി രൂപയും രണ്ടാം പിണറായി സർക്കാർ 22 കോടി രൂപയും അനുവദിച്ചു നിർമിച്ച പാലം മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. 60 കോടി രൂപ ചെലവിലാണ് പാലം പൂർത്തിയായത്.
ദേശീയപാത 66നെയും അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പാലം കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരപാതയായി മാറും. ഇതോടെ ഗതാഗത സൗകര്യവും കൂടുതൽ കാര്യക്ഷമമാകും. അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താനും ഗതാഗതാഗക്കുരുക്ക് ഒഴിവാക്കാനുമാകും. അതിനൊപ്പം തോട്ടപ്പള്ളി നാലുചിറ, ഇല്ലിച്ചിറ നിവാസികൾക്കും കാർഷിക മേഖലയ്ക്കും ജില്ലയുടെ ഗതാഗത രംഗത്തിനൊപ്പം വിനോദസഞ്ചാര മേഖലക്കും വലിയ മുതല്‍ക്കൂട്ടാകുന്ന പാലമാണ് ഉദ്‌ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.
ദേശീയ ജലപാതയിൽ ലീഡിങ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. ജലഗതാഗതം തടസ്സപ്പെടാതിരിക്കാനായി 70 മീറ്ററുള്ള സെന്റർ സ്പാനാണ് ദേശീയ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ മധ്യത്തില്‍ ഒരുക്കിയിരിക്കുന്നത്.
458 മീറ്റർ ആണ് പാലത്തിന്റെ ആകെ നീളം. ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. കാഴ്ച്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മധ്യഭാഗത്ത് വിപുലീകരിച്ചിട്ടുള്ള പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകർഷണമാണ്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66 നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിര്‍മിച്ച പാലം സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്.
നാളെ (തിങ്കളാഴ്ച – 27-10-2025) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും. പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും. കെസി വേണുഗോപാൽ എംപി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളാകും.



