കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫിസര്‍ അനീഷ് ജോര്‍ജിന്റെ (45) ആത്മഹത്യയുമായി ബന്ധപ്പെട്ട് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ജോലി ഭാരത്തിനുപുറമെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളിൽനിന്ന് ഭീഷണിയുണ്ടായെന്ന പരാതിയെ തുടർന്നാണിതെന്ന് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
സി.പി.എമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ ആത്മഹത്യക്ക് കാരണമെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചിരുന്നു. കോൺഗ്രസുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് സി.പി.എമ്മും ആരോപിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മൊബൈല്‍ ഫോൺ പരിശോധിക്കുന്നത്.
എസ്.ഐ.ആർ ജോലിയിലെ മാനസിക സമ്മർദം കാരണമാണ് കഴിഞ്ഞ ഞായറാഴ്ച ബി.എൽ.ഒ അനീഷ് ജോർജ് ജീവനൊടുക്കിയത്. ബി.എൽ.ഒ എന്ന നിലക്ക് ജോലിഭാരമോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നാണ് കണ്ണൂർ കലക്ടർ വിശദീകരിച്ചത്. കലക്ടറുടെ വിശദീകരണം കുടുംബം തള്ളിയിട്ടുണ്ട്. ഉദ്യോഗസ്ഥനെന്ന നിലക്കുണ്ടായ സമ്മർദം അനീഷിന് താങ്ങാൻ കഴിഞ്ഞില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.



