ജോർജിയൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് ഇലിയ രണ്ടാമന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. അഞ്ച് പതിറ്റാണ്ടോളം ജോർജിയൻ ഓർത്തഡോക്സ് സഭയെ നയിച്ച ആത്മീയപിതാവാണ് അദ്ദേഹം. ജോർജിയൻ ജനതയെ പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൂടെയും വലിയ മാറ്റങ്ങളിലൂടെയും നയിച്ച ധീരനായ ഇടയനായിരുന്നു അദ്ദേഹമെന്ന് മാർപാപ്പ അനുസ്മരിച്ചു.
സഭയുടെ താൽക്കാലിക ചുമതല വഹിക്കുന്ന മെത്രാപ്പോലീത്ത ഷിയോ മുജിരിക്കും പരിശുദ്ധ സിനഡിനും അയച്ച സന്ദേശത്തിലാണ് മാർപാപ്പ അനുശോചനം അറിയിച്ചത്. ജോർജിയ നേരിട്ട വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ വിശ്വാസികളെ ചേർത്തുപിടിക്കാനും അവർക്ക് പ്രത്യാശ നൽകാനും പാത്രിയർക്കീസിന് സാധിച്ചു. രാജ്യത്തിന്റെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ശബ്ദമായിരുന്നു അദ്ദേഹം. സഭകൾ തമ്മിലുള്ള ഐക്യത്തിനായി അദ്ദേഹം അശ്രാന്തമായി പരിശ്രമിച്ചു.
പാത്രിയർക്കീസിന് സംഗീതത്തോടുണ്ടായിരുന്ന താൽപര്യത്തെ മാർപാപ്പ പ്രത്യേകം എടുത്തുപറഞ്ഞു. ദൈവത്തിന്റെ സൗന്ദര്യം തേടാനും വിവിധ സംസ്കാരങ്ങളെയും സഭകളെയും തമ്മിൽ ബന്ധിപ്പിക്കാനും സംഗീതത്തിന് കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായും ഫ്രാൻസിസ് മാർപാപ്പയുമായും അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകൾ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉദാഹരണങ്ങളായിരുന്നു.
1977 ൽ സോവിയറ്റ് ഭരണകാലത്താണ് ഇലിയ രണ്ടാമൻ സഭയുടെ തലപ്പത്തെത്തുന്നത്. ജോർജിയയുടെ ആത്മീയപുനരുദ്ധാരണത്തിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു.



