തൃശൂർ: ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎയില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. താൻ നടത്തിയ പരാമർശങ്ങളിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി.സതീശനും കോൺഗ്രസും മതേതരവാദികളാണെങ്കിൽ താനും മതേതരവാദിയാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽഡിഎഫ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്നും പരിഹാസരൂപേണ അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി.ഡി.സതീശന് എന്ത് ഡീലാണുള്ളതെന്ന് വെളിപ്പെടുത്തണം. എൻഡിഎഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് പിണറായി വിജയനാണെന്ന ആരോപണവും ഗോപാലകൃഷ്ണൻ ഉന്നയിച്ചു.



