കണ്ണൂർ: തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്കാത്തതിൽ കടുത്ത അതൃപ്തിയിൽ കെ. സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് ഒടുവിൽ തീരുമാനിച്ചത്.
സുധാകരന് സീറ്റ് നല്കാതിരുന്നാലുള്ള പരിണിതഫലങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.
തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്കണമെന്നായിരുന്നു സുധാകരന്റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, സുധാകരനും സുധാകരൻ നിർദേശിച്ച ആളുകൾക്കും സീറ്റ് നല്കിയില്ല.
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അതിനാൽ, സുധാകരൻ വൈകാരികമായി പ്രതികരിച്ചാൽ അത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കും. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം സുധാകരൻ അനുകലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.
നിലവിൽ, സുധാകരൻ അനുകൂലികളുടെ പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേയായിരുന്നു. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരന്റെ പോസ്റ്ററുകൾ ഉയർന്നിരുന്നു. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫ് നിയമസഭയിൽ എത്തില്ലെന്നായിരുന്നു മുദ്രാവാക്യം.
നിലവിൽ, കെ. സുധാകരന് ധാരാളം അനുയായികൾ ഉള്ള മണ്ഡലമാണ് പേരാവൂരും കണ്ണൂരും. സുധാകരൻ മത്സരിച്ചില്ലെങ്കിൽ എന്താകും. മണ്ഡലങ്ങളിലെ സുധാകരൻ ഇംപാക്ട് എന്ന് കാത്തിരുന്ന് കാണാം.
ടി.ഒ. മോഹനൻ കണ്ണൂരിൽ?
സുധാകരന് പകരം കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്നാണ് സൂചന. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാൽ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.
നിലവിൽ, ബിജെപി കണ്ണൂർ മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രചാരണം തുടങ്ങിയിട്ടില്ല. സുധാകരനുമായി ബിജെപി നേതാക്കൾ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും സുധാകരൻ നടത്തുന്നുണ്ട്.



