അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. പതിനാലുകാരൻ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയടക്കം മൂന്ന് ഇന്ത്യൻ താരങ്ങള്‍ ഐസിസിയുടെ ലോകകപ്പ് ടീമില്‍ ഇടം നേടി.

ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവൻഷിയാണ് ഐസിസി തെരഞ്ഞടുത്ത ലോകകപ്പ് ടീമിന്‍റെ ഓപ്പണര്‍. ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും വൈഭവ് തന്നെയായിരുന്നു. ഏഴ് മത്സരങ്ങളില്‍ 439 റണ്‍സാണ് വൈഭവ് അടിച്ചത്.  62.71 ശരാശശരിയും 169.49 സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. 30 സിക്‌സും 41 ഫോറും വൈഭവ് പറത്തി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിന്‍റെ തോമസ് റ്യൂ ആണ് ഐസിസി ടീമിനെ നയിക്കുന്നത്. ടൂർണമെന്‍റിൽ 330 റൺസ് നേടിയ റ്യൂ തന്നെയാണ് ടീമിന്‍റെ വിക്കറ്റ് കീപ്പറും. സെമിയിലും ഫൈനലിലും അര്‍ധസെഞ്ചുറികള്‍ നേടുകയും ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി കിരീടം നേടുകയും ചെയ്തെങ്കിലും ബാറ്ററെന്ന നിലയില്‍ ആയുഷ് മാത്രെക്ക് മികവ് കാട്ടാനാവാതിരുന്നതാണ് ലോകകപ്പ് ടീമിലെ ഇടം നഷ്ടമാക്കിയത്.

വൈഭവിനൊപ്പം ഓൾറൗണ്ടർ കനിഷ്ക് ചൗഹാൻ, ബൗളർ ഹെനിൽ പട്ടേൽ എന്നിവരാണ് ലോകകപ്പ് ടീമിലിടം നേടിയ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ. ഏഴ് കളികളില്‍ 7 വിക്കറ്റും 113 റണ്‍സും നേടിയ ഓള്‍ റൗണ്ടര്‍ കനിഷ്ക് ചൗഹാന്‍ ലോകകപ്പ് ടീമിന്‍റെ മധ്യനിരയില്‍ ഇടം പിടിച്ചപ്പോള്‍ പന്ത്രണ്ടാമനായാണ് ഹെനില്‍ പട്ടേല്‍ ടീമിലെത്തിയത്. അമേരിക്കയ്‌ക്കെതിരെ 16 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയതടക്കം ടൂർണമെന്‍റിലാകെ 11 വിക്കറ്റുകൾ നേടിയ പ്രകടനമാണ് ഹെനിൽ പട്ടേലിനെ ടീമിലെത്തിച്ചത്.

ഐസിസി അണ്ടർ-19 ലോകകപ്പ് ടീം

വൈഭവ് സൂര്യവംശി (ഇന്ത്യ),വീരൻ ചാമുദിത (ശ്രീലങ്ക),ബെൻ മെയ്‌സ് (ഇംഗ്ലണ്ട്),തോമസ് റ്യൂ (ക്യാപ്റ്റൻ/കീപ്പർ – ഇംഗ്ലണ്ട്), ഒലിവർ പീക്ക് (ഓസ്‌ട്രേലിയ), ഫൈസൽ ഖാൻ ഷിനോസാദ (അഫ്ഗാനിസ്ഥാൻ), കനിഷ്ക് ചൗഹാൻ (ഇന്ത്യ) നൂറിസ്താനി ഒമർസായ് (അഫ്ഗാനിസ്ഥാൻ),വിറ്റൽ ലോസ് (വെസ്റ്റ് ഇൻഡീസ്),മാന്നി ലംസ്‌ഡൻ (ഇംഗ്ലണ്ട്),അലി റാസ (പാകിസ്ഥാൻ), ഹെനിൽ പട്ടേൽ (ഇന്ത്യ – പന്ത്രണ്ടാമൻ).